Thursday, March 15, 2018

യുകോണ്‍ ക്വസ്റ്റ് - ഒരു കാഴ്ചാനുഭവം!


ഫെയര്‍ബാങ്ക്സിലാണ് ഉണര്‍ന്നെണീറ്റിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത മനസ്സിനായി ബ്ലോഗിലെ യുകോണ്‍ ക്വസ്റ്റ്” വീണ്ടുമൊന്നുറക്കെ വായിച്ചുതലേന്ന് അറുന്നൂറ് കി.മീറ്റര്‍ യാത്ര ചെയ്ത ക്ഷീണമൊക്കെ കുന്നിക്കുരുവോളം പോന്ന സ്വപ്നാക്ഷരങ്ങള്‍ കൊണ്ടുപോയിരുന്നു. സ്വപ്നത്തിന് ചൂട് പിടിക്കാന്‍ തുടങ്ങിയിട്ടാവും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ -39°C എന്ന് കണ്ടിട്ടും വലിയ ഞെട്ടലുണ്ടായില്ല. ആറ് മണിക്ക് തന്നെ കുളിച്ചൊരുങ്ങി പ്രഭാതഭക്ഷണത്തിന് തീന്മുറിയിലെത്തി. അവിടെയാണെങ്കില്‍ നിന്നു തിരിയാന്‍ സ്ഥലമില്ലാത്തത്ര തിരക്ക്. എല്ലാവരും പതിനൊന്ന് മണിക്ക് പുറത്തെവിടെയോ നടക്കാന്‍ പോകുന്ന മത്സരത്തിന്‍റെ ആവേശത്തിലാണ്. ഈ ഒച്ചപ്പാടിനിടയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ചുറ്റിലുമുള്ളവരുടെ ശൈത്യകാല വസ്ത്രധാരണത്തിലായിരുന്നു എന്‍റെ ശ്രദ്ധ. 



ദിവസം മുഴുവന്‍ പുറത്ത് മഞ്ഞിലും തണുപ്പിലും നില്‍ക്കേണ്ടതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ അടുക്കടുക്കായി വസ്ത്രം ധരിച്ചേ മതിയാകൂ. അഞ്ചടുക്കെങ്കിലും കുറഞ്ഞത് ഇടേണ്ടി വരും. നാല് ജോഡി വസ്ത്രങ്ങളും അതിന് മുകളിലായി വലിയ ജാക്കെറ്റും സ്നോ പാന്റ്സുമിട്ട് ഞങ്ങള്‍ തയ്യാറായപ്പോഴേക്കും ഊബറെത്തി. റോമോ അതായിരുന്നു സാരഥിയുടെ പേര്. ഫെയര്‍ബാങ്ക്സിലുള്ള ഭക്ഷണശാലകളെ കുറിച്ചാണ് റോമോ ഏറെയും സംസാരിച്ചത്. വിശപ്പാണല്ലോ എല്ലാവരുടെയും അടിസ്ഥാന പ്രശ്നം. അത് മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത നമ്മള്‍ വിശക്കുന്നവനെ തല്ലികൊല്ലും. മൈതാനിക്കടുത്തുള്ളൊരു ഭക്ഷണശാലയുടെ വിവരങ്ങള്‍ റോമോ വിവരിക്കുന്നത് താല്‍പര്യത്തോടെ കേട്ടിരുന്നു. അപരിചിതന്‍റെ കാളുന്ന വയറോര്‍ത്ത് ആകുലപ്പെടുന്നൊരു മനുഷ്യന്‍! ഒന്‍പത് മണിയോടെ ഞങ്ങളെ Morris & Thompson Cultural & Visitor Centeല്‍ ഇറക്കി ശുഭദിനാശംസകള്‍ നേര്‍ന്ന് റോമോ പോയി. ഇവിടെ നിന്നാണ് യുകോണ്‍ ക്വസ്റ്റ് എന്ന ആയിരം മൈല്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര ഡോഗ് സ്ലെഡ് മത്സരം ആരംഭിക്കുന്നത്. അലാസ്കയിലെ ഫെയര്‍ ബാങ്ക്സില്‍ നിന്ന് തുടങ്ങി കാനഡയിലെ യുകോണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ വൈറ്റ് ഹോര്‍സില്‍ അവസാനിക്കുന്ന The Test of The Best…എന്നറിയപ്പെടുന്ന ഡോഗ് സ്ലെഡിംഗ്. 



ഫെയര്‍ബാങ്ക്സിലെ ഒട്ടുമിക്ക സാംസ്ക്കാരിക പരിപാടികളുടെയും കേന്ദ്രമാണ് മോറിസ് &; തോംസണ്‍ സെന്‍റര്‍. അതായിരിക്കും യുകോണ്‍ ക്വസ്റ്റും ഇവിടെന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പരിപാടി നടക്കുന്ന മഞ്ഞു മൈതാനിയില്‍ ഓരോ ടീമിനുമുള്ള സ്ഥലങ്ങള്‍ പല നിറങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ടീം എന്ന് പറഞ്ഞാല്‍ പ്രധാനമായും 14 ഹസ്ക്കികളാണ്. 26 ടീമുകളാണ് മത്സരരംഗത്തുള്ളത്. ടീമുകളുടെ തയ്യാറെടുപ്പുകള്‍ കാണാനായി അതിരാവിലെ തന്നെ കുറേപ്പേര്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കിടയിലൂടെ സന്നദ്ധപ്രവര്‍ത്തകരും, മൃഗഡോക്ടര്‍മാരും ഹസ്ക്കികളെ പരിശോധിച്ചും അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നോക്കിയും അതീവ ജാഗ്രതയോടെ ചുറ്റി നടക്കുന്നു. ഈ മത്സരം നിര്‍ത്തണമെന്ന മൃഗസംരക്ഷകരുടെ ആവശ്യം ശക്തമാണ്. നായകളുടെ ആരോഗ്യകാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും സംഘാടകരുടെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷിക്കണ്ട. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒരുപാട് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊന്നു പാളിയാല്‍ കനത്ത തുക ഫൈന്‍ കൊടുക്കേണ്ടിവരുമെന്ന് മാത്രമല്ല മത്സരങ്ങളില്‍ നിന്ന് ആജീവനാന്ത വിലക്കും, കേസും കോടതിയുമായി ശിഷ്ടകാലം തള്ളിനീക്കേണ്ടി വരും...

ടീമിലെ പ്രധാനികളായ ഹസ്ക്കികളൊക്കെ അവരുടെ വാനുകള്‍ക്കുള്ളില്‍ രാജകീയമായി വിശ്രമിക്കുകയാണ്. 'ഹസ്ക്കികള്‍' മാത്രമല്ല എനിക്കറിയാത്ത മറ്റിനം ശ്വാനന്മാരുമുണ്ട്. ഇവരെ നയിക്കുന്നയാളെ മുഷറെന്നാണ് വിളിക്കുക. മുഷര്‍മാരെല്ലാം സ്ലെഡുകള്‍ ഒരുക്കുന്ന തിരക്കിലാണ്. അവനവനുള്ള സാധനങ്ങള്‍ക്കൊപ്പം നായകള്‍ക്കുള്ള ഭക്ഷണം, അവയ്ക്ക് കിടക്കാനുള്ള വൈക്കോല്‍, മരുന്ന്, ഇടയ്ക്ക് വിശ്രമിക്കാനുള്ള കൂടാരം, മഴു, കത്തി, വിറക്, ഭക്ഷണം ചൂടാക്കാനുള്ള അടുപ്പ് അങ്ങിനെയെല്ലാം അതിനുള്ളില്‍ ഉണ്ടാവണം. ഒറ്റ ദിവസം കൊണ്ടു ഓടിയെത്തില്ലല്ലോ. ശരാശരി പത്ത് ദിവസമോ അതില്‍ കൂടുതലോ എടുക്കും. ഇതിനിടയിലുള്ള നിര്‍ബന്ധിത വിശ്രമസമയങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. മത്സരാര്‍ത്ഥികള്‍ വിശ്രമത്തിന് എത്തുന്ന സ്റ്റോപ്പ്‌ ഓവറുകളില്‍ ടീം അംഗങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയരാകും. വിഷമകരമായ ഭൂപ്രദേശവും, അതിലേറെ പ്രവചനാതീതമായ കാലാവസ്ഥയിലുമാണ് താന്‍ വിശ്വസിച്ചും സ്നേഹിച്ചും വളര്‍ത്തുന്ന മൃഗങ്ങളുടെ ബലത്തില്‍ മനുഷ്യര്‍ കാടും മേടും താണ്ടുന്നത്!

ഒരു മുഷര്‍ സ്ലെഡില്‍ സാധനങ്ങള്‍ അടുക്കിവെക്കുന്നത് ശ്രദ്ധാപൂര്‍വ്വം നോക്കിനില്‍ക്കുമ്പോഴാണ് ഹുസൈന്‍ വിളിക്കുന്നത് കേട്ടത്. 'സുരേഷി'നെ പോലെ ഞാനും തിരിഞ്ഞു നോക്കി... ക്യാമറാമാന്‍ ഒറ്റയ്ക്കല്ല, കൂടെ ഒരു സുന്ദരിയുമുണ്ട്! അടുത്ത് ചെന്നപ്പോഴാണ് അത് ക്യാമറാമാന്‍റെ സുഹൃത്തും യുകോണ്‍ മത്സരാര്‍ത്ഥിയുമായ റയ്ന്‍ ഓള്‍സനാണെന്ന് മനസ്സിലായത്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്വസ്റ്റില്‍ പങ്കെടുക്കുന്നുണ്ട് ഇരുപത്തെട്ടുകാരിയായ റയ്ന്‍. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്തെത്തിയിരുന്നു റയ്ന്‍. മഞ്ഞു കണ്ടത്തിലൂടെ നടന്ന് ഞാനവരുടെ അരികിലെത്തിയപ്പോഴേക്കും  റയ്നിനു തിരക്കായി. മുഷറിന്‍റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും എനിക്കൊരു ഓട്ടോഗ്രാഫ് തരാനും, കൂട്ടുകാരന്‍റെ കൂട്ടിനോട് മിണ്ടാനും റയ്നിന് വിഷമമുണ്ടായില്ല. കണ്ടത്തിനപ്പുറമുള്ള ചില ടീമുകള്‍ അവരുടെ പ്രധാനികളെ വാനുകളില്‍ നിന്ന് നിലത്തിറക്കിയിട്ടുണ്ട്. വളരെ മര്യാദക്കാരായി അവര്‍ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതൊക്കെ നോക്കി മത്സര പറമ്പിലൂടെ അന്തംവിട്ടു നടക്കുമ്പോഴാണ് രാവിലെ ഹോട്ടലില്‍ വെച്ച് കണ്ടൊരാള്‍ ചിരിച്ചു കൊണ്ട് കടന്നു പോയത്. ഞങ്ങള്‍ പരിചയം പുതുക്കി. അയാള്‍ കനേഡിയനായ എഡ് ഹോപ്‌കിന്‍സെന്ന മുഷറിന്‍റെ സഹായിയാണ്. തലേന്ന് രാത്രി ജീപ്പ് നിര്‍ത്തിയിട്ടതിനടുത്തായി ഹസ്ക്കികളുള്ള വാന്‍ കണ്ടിരുന്നു. എഡിനെ കാണാന്‍ സാധിച്ചില്ല, കാരണം വളരെ അത്യാവശ്യമുള്ള എന്തോ സാധനം കേടായതിനാല്‍ മാറ്റിയെടുക്കാനായി ഹോട്ടലിലേക്ക് അദ്ദേഹം പോയിരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ മത്സരത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു എഡ്.


വഴിയുടെ അറ്റത്ത്‌ ചാനലുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടാണ്‌ ഞങ്ങള്‍ ചെന്നത്. അമേരിക്കനായ ഹ്യു നഫെന്ന മുഷറായിരുന്നു അവിടെയുണ്ടായിരുന്നത്. 18 തവണ യുകോണ്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട് ഹ്യു നഫ്. അതില്‍ 14 പ്രാവശ്യം മത്സരം പൂര്‍ത്തിയാക്കി നേടിയതോ, രണ്ട് ഒന്നാംസ്ഥാനവും, നാല് തവണ രണ്ടാംസ്ഥാനവും, പിന്നെ രണ്ട് മൂന്നാംസ്ഥാനവും!. വെറുതെയാണോ ആളുകള്‍ കൂടിയത്? എനിക്കാണെങ്കില്‍ ഹ്യു നഫിനെ കണ്ടാല്‍ മാത്രം പോരാ. ഒരു കഥയുമുണ്ട് പറയാന്‍. 2016ലെ മത്സര സമയത്ത് ഹുസൈന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ബ്രെന്റ് സാസിന്‍റെ യുകോണ്‍ മത്സര പുരോഗതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഹുസൈന്‍റെ ആവേശം കെടുത്താനായി ഞാന്‍ ഹ്യൂ നഫിനെ പിന്തുണക്കാന്‍ തുടങ്ങി. അപ്പോള്‍ മുതല്‍ ‘തോല്‍ക്കാനല്ലേ'ന്നും പറഞ്ഞ് വീട്ടിലെ ആണ്‍പട കൂട്ടംകൂടി. പെട്ടെന്നാണ് ഞാന്‍ പോലുമറിയാതെ കഥാഗതി എനിക്കനുകൂലമായത്. അതുവരെ രണ്ടാമനായിരുന്ന ഹ്യു നഫ് മത്സരത്തില്‍ ഒന്നാമനായി!! കഥയുടെ ബാക്കി ഊഹിക്കാമല്ലോ...

ഹ്യൂ നഫ് ചാനലുകാരില്‍ നിന്ന് സ്വതന്ത്രനാകുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നു. സ്നേഹാന്വേഷണങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ മിസ്സിസ്സാഗയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍, മില്‍ട്ടണിലുള്ള ഗേള്‍ഫ്രണ്ടിന്‍റെ കാര്യം പറഞ്ഞ് കണ്ണിറുക്കിയടച്ചു. മഷി കട്ട പിടിച്ച എന്‍റെ പെന്ന് മാറ്റാന്‍ കളി പറഞ്ഞതും, പെന്‍സില്‍ കൊടുത്തപ്പോള്‍ വേണ്ടെന്ന് ശഠിച്ചതും വളരെ കാലത്തെ സുഹൃത്തുക്കളോടെന്ന പോലെയായിരുന്നു. അക്ഷമരായി  നില്‍ക്കുന്ന മറ്റു ആരാധകരെ മാനിച്ച് കഥ പറച്ചില്‍ ഞാന്‍ മാറ്റിവെച്ചു...അതുമാത്രമല്ല, തണുപ്പിന്‍റെയാവും എന്‍റെ കാല്‍വിരലുകള്‍ വേദനിക്കാനും തുടങ്ങിയിരുന്നു. എങ്ങിനെയാണാവോ ദിവസങ്ങളോളം ഈ മനുഷ്യരും അവരുടെ കൂടെയുള്ള നായകളും ഇത്രയും തണുപ്പില്‍ കഴിച്ചുകൂട്ടുന്നത്? 

വേദന അസഹ്യമായപ്പോള്‍ ഞങ്ങള്‍ സെന്‍ററിന്‍റെ അകത്തേക്ക് പോയി. അവിടെ ഫോട്ടോഗ്രാഫര്‍മാരുടെ തിരക്കാണ്. ക്യാമറകളുടെ തണുപ്പകറ്റാനും, കൈയ്യുറകള്‍ നനഞ്ഞത് മാറ്റുവാനുമുള്ള തിടുക്കത്തിലാണ് എല്ലാവരും. ബൂട്ട്സിന്‍റെ അടിയില്‍ ക്രാംപോണ്‍സ് ഇട്ടതിനാല്‍ എനിക്ക് സെന്‍ററിന്‍റെ അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. ക്രാംപോണ്‍സിലെ മുള്ളുകള്‍ നിലം കേടുവരുത്തുമെന്നതിനാലാണ് വിലക്ക്. വരാന്തയിലെ കോണിലിരുന്നു കാലിലിട്ടിരുന്ന ബൂട്ട്സും സോക്ക്സുകളൊക്കെ ഊരി വിരലുകള്‍ക്ക് അനക്കമുണ്ടോന്ന് പരിശോധിച്ചു. കൈകള്‍ കൂട്ടിത്തിരുമ്മി കാല്‍വിരലുകള്‍ ചൂടാക്കി, വീണ്ടും സോക്സുകള്‍ ഇട്ട് അതിനുള്ളില്‍ വാര്‍മര്‍ രണ്ടു പാക്കറ്റുകള്‍ ഒട്ടിച്ചു വെച്ചു. ഏഴു മണിക്കൂര്‍ വരെ ചൂടുണ്ടാവുന്നാണ് പരസ്യം. കൈയ്യുറകള്‍ക്കുള്ളിലും വാര്‍മര്‍ വെച്ചു ക്യാമറയെ നന്നായി തുടച്ചു മിനുക്കി ഞങ്ങള്‍ വീണ്ടും പുറത്ത് ചാടി. മത്സരം തുടങ്ങാറായതിനാലാവും ടീമുകളുടെ അരികിലൂടെ ഞങ്ങള്‍ നടന്നിരുന്ന വഴികളെല്ലാം അപ്പോഴേക്കും സംഘാടകര്‍ അടച്ചിരുന്നു.  

ക്യാമറാമാനുകളും ടി.വി.ക്കാരും തിക്കിത്തിരക്കുന്നതിനടയിലൂടെ ഞങ്ങള്‍ കുറെ ദൂരം മുന്നോട്ടു പോയി ചെനാ (Chena River) പുഴയിലിറങ്ങി. പുഴയില്‍ മഞ്ഞാണ്, വെള്ളമെല്ലാം ഉറഞ്ഞു പോയിരിക്കുന്നു. ആളുകള്‍ അക്ഷമരായി ട്രാക്കിനിരുവശവും നില്‍ക്കുകയാണ്. കുട്ടികളെല്ലാം പുഴയിലെ മഞ്ഞില്‍ ഉരുണ്ടു കളിച്ച് രസിക്കുന്നു. കുന്നിറങ്ങി വരുന്ന ടീമുകളെ നന്നായി കാണാവുന്നൊരിടത്ത് ഞാന്‍ നിന്നു. പുഴയുടെയും മഞ്ഞിന്‍റെയും തണുപ്പാസ്വദിച്ചിട്ടാവും കണ്ണും മൂക്കും നിറഞ്ഞൊഴുകാന്‍ തുടങ്ങി. ട്രാക്കിനുള്ളിലേക്ക് ആളുകളിറങ്ങി നില്‍ക്കുന്നില്ലാന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. വണ്ടിയുമായി ഹസ്ക്കികള്‍ മഞ്ഞിലിറങ്ങി കഴിഞ്ഞാല്‍ പിന്നെ മുന്നും പിന്നും നോക്കാത്ത ഓട്ടമാണ്. 



മുഷറിന്‍റെ അമ്മയോ, കൂട്ടുകാരിയോ, അച്ഛനോ, അങ്ങിനെയാരെങ്കിലും കുറച്ചു ദൂരം സ്ലെഡിലിരിക്കും. അതവര്‍ക്കൊരു ബഹുമതിയാണ്. ദൂരെ ആരവമുയര്‍ന്നു... ടീമുകളുടെ വരവാണ്. ഒരു ടീം കടന്നു പോയി പത്ത് മിനിട്ടുകള്‍ക്ക് ശേഷമാണ് അടുത്ത ടീം വരുന്നത്. റെയ്നും, എഡും, ഹ്യു നഫും കടന്നു പോയപ്പോള്‍ ഞങ്ങള്‍ മഞ്ഞു പുഴയില്‍ നിന്ന് കയറി പാലത്തിന് മുകളിലെത്തി. അവിടെ നിന്ന് മത്സരം തുടങ്ങുന്നിടം വ്യക്തമായി കാണാത്തതിനാല്‍ കുന്നിറങ്ങി അങ്ങോട്ട്‌ പോകാമെന്നായി. വീഴാതെ ഈ മഞ്ഞ് കുന്നിറങ്ങാന്‍ എന്ത് ചെയ്യും? അപ്പോഴാണ്‌ വേറെയൊരാള്‍ നെഞ്ചില്‍ ക്യാമറ അടുക്കി പിടിച്ചു ഉരുതിയിറങ്ങുന്നത് കണ്ടത്. What an idea Sirji! ‘മുന്‍പേ ഗമിക്കുന്ന...’ അതുതന്നെ, ഞാന്‍ നേരെ താഴെയെത്തി… എന്ത് രസം! ഹുസൈന്‍ ക്യാമറയും പൊത്തിപ്പിടിച്ച് മര്യാദക്കാരനായി പതുക്കെപ്പതുക്കെയാണ് കുന്നിറങ്ങിയത്. കൈകള്‍ തണുത്തിട്ടാവും ‘കുറച്ച് നേരം നീ ക്യാമറ പിടിക്കെന്നു’ പറഞ്ഞു ആ ചങ്ക് സാധനം എന്‍റെ കൈയില്‍ തന്നു. ഞാനതിനെ തോളില്‍ ഭദ്രമായി തൂക്കിയിട്ട് കാഴ്ച കാണാന്‍ നടന്നു. അപ്പോള്‍ ഓടാന്‍ തയ്യാറായത് തുടക്കകാരനായ ഐക്ക് അണ്ടര്‍വുഡായിരുന്നു. കൌണ്ട് ഡൌണ്‍ പൂജ്യത്തിലെത്തിയപ്പോഴേക്കും ഹസ്ക്കികള്‍ ഓടി.. സ്ലെഡില്‍ ഐക്കുണ്ടായിരുന്നില്ല. പിന്നെ വേഗത്തില്‍ ഓടി കയറുകയാണുണ്ടായത്. അങ്ങിനെയൊരു അനുഭവം ഞങ്ങള്‍ക്ക് പണ്ടുണ്ടായതാണ്. അതോര്‍ത്ത് നില്‍ക്കുന്നതിനിടയിലാണ്, “Next on the trail, Chest # 23, Allen Moore”എന്ന് കേട്ടത്. പിന്നെയൊന്നും ഓര്‍മ്മയില്ല...



വേലിക്കരികിലെത്തി നോക്കുമ്പോഴുണ്ട്‌ ട്രാക്കില്‍ അലന്‍റെ ഹസ്ക്കികളെ കെട്ടിപ്പിടിച്ചിരിക്കുകയാണ് സഹായികളും സന്നദ്ധ പ്രവര്‍ത്തകരും. പിടിവിട്ടാല്‍ കുതിച്ചു പായും, അത്രയ്ക്ക് ആവേശത്തിലാണവര്‍. മുപ്പത് സെക്കന്റ്‌ എന്ന് കേട്ടതും ഹസ്ക്കികള്‍ കുഞ്ഞു ബൂട്ടികള്‍ ഇട്ട മുന്‍കാലുകള്‍ ഉയര്‍ത്തി. കൌണ്ട് ഡൌണ്‍ തുടങ്ങിയപ്പോഴേക്കും അവരെ പിടിച്ചിരുന്നയാളുകള്‍ മാറി കൊടുത്തു. “എനിക്ക് വേണ്ടിയല്ല, എന്‍റെ ഡോഗ്സിന് വേണ്ടിയാണ് ഞാന്‍ ഓടുന്നതെന്നായിരുന്നു അലന്‍റെ പ്രസ്താവന.അതുവരെ കണ്ടെതെല്ലാം ഞാന്‍ മറന്നു. സീറോന്നു കേട്ടതും ഹസ്ക്കികള്‍ കുതിച്ചു… ഞാനും ആവേശത്തില്‍ അലനെന്നൊക്കെ വിളിച്ചു കൂകി…അലന്‍ പോയ ആരവമൊതുങ്ങിയപ്പോഴാണ് ഞാന്‍ സ്വന്തം ക്യാമറാമാനെ തിരഞ്ഞത്. ദേഷ്യത്തില്‍ മുഖമൊക്കെ കറുപ്പിച്ചു ഒരാളുണ്ട് എന്‍റെയടുത്തേക്ക് വരുന്നു..നീയിതെവിടെ പോയിരുന്നു? അലന്‍റെ ഫോട്ടോ കിട്ടിയില്ലഅതെന്താ.. വളരെ നിഷ്ക്കളങ്കമായി പാത്തുവിന്‍റെ ചോദ്യം. ‘എടി, ക്യാമറ നിന്‍റെയടുത്തല്ലേ? നീയെന്ത് പാച്ചിലാണ് പാഞ്ഞത്..’ ഫോണ്‍ മരവിച്ചതിനാല്‍ അതിലും എടുക്കാന്‍ പറ്റിയില്ല…. ഹുസൈന്‍റെ മുറുമുറുപ്പുകള്‍ തുടര്‍ന്നിട്ടും ഇതൊക്കെ എപ്പോ സംഭവിച്ചെന്ന മട്ടിലാണെന്‍റെ നില്‍പ്പ്. എന്‍റെ തോളില്‍ നിന്ന് ക്യാമറ ഹുസൈനെടുത്തപ്പോഴാണ് അങ്ങിനെയൊരു സാധനമവിടെ തൂക്കിയ കാര്യമെനിക്ക് ഓര്‍മ്മവന്നത്! ഇതിനിടയില്‍ ഞാനെപ്പോഴാണ് ഓടിയത്??

ഞാന്‍ ആദ്യമായി യുകോണ്‍ ക്വസ്റ്റിനെ കുറിച്ചെഴുതിയ വര്‍ഷം അലന്‍ മൂറായിരുന്നു വിജയിച്ചത്. 25 വര്‍ഷമായി മത്സരത്തില്‍ പങ്കെടുക്കുന്ന അറുപതുകാരനായ അലനാണ് 2018 ലെയും വിജയി. മൂന്ന് തവണ ഒന്നാമനായി, രണ്ട് പ്രാവശ്യമായി രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും അലന്‍ നേടിയിട്ടുണ്ട്. നേട്ടങ്ങളുടെ കണക്കിനേക്കാള്‍ പ്രാധാന്യം ഓരോ വര്‍ഷവും മത്സരവും മുഴുമിപ്പിക്കുകയെന്നതാണ്. എത്ര പരിചയസമ്പന്നനായിട്ടും കാര്യമില്ല. കാരണം മുഷറും അവര്‍ നയിക്കുന്ന 14 നായകളും കടന്നു പോകുന്ന പ്രകൃതിയുടെ കളിത്തട്ടിതുവരെ ആരോടും സൗഹൃദത്തിലായിട്ടില്ല. മത്സരം പ്രകൃതിയോടല്ലേ? പണ്ട് സ്വര്‍ണ്ണഖനി തേടി യുകോണിലേക്ക് പുറപ്പെട്ടവര്‍ കടന്നു പോയിരുന്നതും ഇതേ വഴികളിലൂടെയാണ്. അന്ന് ലക്ഷ്യം കണ്ടവരേക്കാളധികം പാതി വഴിക്ക് പൊലിഞ്ഞ ജീവനുകളായിരുന്നു ഏറെയും. തിളങ്ങിയും മങ്ങിയും ചരിത്രത്തില്‍ കിടക്കുന്ന അദ്ധ്യായത്തിനെ അനുസ്മരിക്കാനാണ് 1984ല്‍ യുകോണ്‍ ക്വസ്റ്റ് മത്സരം ആരംഭിച്ചത്. പൂര്‍വ്വികരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനാവും തണുപ്പേറിയ ഫെബ്രുവരി മാസത്തില്‍ തന്നെയിത് നടത്തുന്നത്. 

നല്ല സ്വഭാവമാണെങ്കില്‍ കാലാവസ്ഥ -30°നും -50°C നും ഇടയിലായിരിക്കും. പക്ഷെ വളരെ അപൂര്‍വ്വമായെ അങ്ങിനെയുണ്ടാവൂ. കാറ്റടിക്കുകയോ, ഹിമപാതമുണ്ടാവുകയോ ചെയ്‌താല്‍ സ്ഥിതി  -70°C ലെത്തും. നാല് പര്‍വ്വതശൃംഗങ്ങളും, പുഴകളും, കാടും മാത്രമല്ല വന്യജീവികളുടെ ആക്രമണവും ഇവര്‍ മറികടക്കേണ്ടതുണ്ട്. ജി.പി.എസ് പോലെയുള്ള ആധുനിക ഉപകരണങ്ങളുണ്ടെങ്കിലും അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനമെത്തിക്കാന്‍ പ്രകൃതിയുടെ കനിവിനായി കാത്തുനില്‍ക്കണം. ആകെ ഒന്‍പത് വിശ്രമകേന്ദ്രങ്ങളുള്ള ക്വസ്റ്റില്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലെത്തുന്നതുവരെ പ്രകൃതിയുടെ വന്യതയിലും വിജനതയിലും യജമാനരും അവരുടെ വിശ്വസ്തരും നടത്തുന്ന ജൈത്രയാത്ര..  


കണ്ണ് നിറച്ച് കാണുകയും അതിലേറെ പരിഭവം കേള്‍ക്കുകയും ചെയ്തതോണ്ടാവും -39°C ഒന്നുമല്ലാതായത്. അവസാനത്തെ മത്സരാര്‍ത്ഥികളുടെ ഓട്ടം കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ ഹോട്ടലിലേക്ക് പോന്നു. മുറിയിലെത്തിയതും ക്യാമറാമാന്‍ ക്യാമറക്കും ഫോണിനും പ്രഥമശുശ്രൂഷ നല്‍കാന്‍ തുടങ്ങി. കണ്ടതൊന്നും കണ്ണില്‍ നിന്ന് പോകാതിരിക്കാനായി ഞാന്‍ കണ്ണടച്ച് കിടന്നു. നാലുമണിയായപ്പോള്‍ 25 മൈല്‍ അപ്പുറമുള്ള ടൂ റിവേര്‍സെന്ന സ്ഥലത്തേക്ക് പോയി. അവിടെ വെച്ചു റയ്നയും, ഹ്യു നഫും കടന്നു പോകുന്നത് കണ്ടു. അവരെ പിന്തുടര്‍ന്ന് കുറച്ച് ദൂരം പോയപ്പോള്‍ തീര്‍ത്തും വിജനമായ ഒരിടത്ത് ക്യാമറയും പിടിച്ച് മുട്ടോളം മഞ്ഞില്‍ പ്രിയപ്പെട്ട ടീമുകളെ കാത്തു നില്‍ക്കുകയാണ് ഒരു കൂട്ടം മാനുകള്‍! ഹുസൈന്‍ അവിടെയിറങ്ങി അവരുടെ കൂട്ടത്തില്‍ കൂടി. തണുപ്പത്ത് മഞ്ഞില്‍ ഇരുന്നും, കിടന്നും, മുട്ടിലിഴഞ്ഞും കൈയുറകള്‍ ഇടാതെ പടംപിടിക്കുകയാണ്. മൂന്നാമത്തെ ബാറ്ററിയും ഊറ്റിയെടുത്ത് ക്യാമറയുടെ ജീവന്‍ പൊലിയാറായപ്പോഴേക്കും ഹുസൈന്‍ സാഹസം മതിയാക്കി. അങ്ങിനെ അക്ഷരങ്ങള്‍ കാഴ്ചയായി മാറിയൊരു ദിവസത്തിന് തിരശീല വീഴുകയാണ്... 


15 comments:

  1. ഇപ്പോഴും അവിശ്വസനീയമായതൊന്നുണ്ട്, അതെന്‍റെ ഓട്ടമാണ്...മഞ്ഞിലൂടെ!!

    ReplyDelete
  2. നിങ്ങൾക്ക് ഒരു കാഴ്ച്ച അനുനുഭവം
    ഞങ്ങൾക്കൊക്കെ കാണാക്കാഴ്ച്ചകളുടെ ഒരു എമണ്ടൻ പൂരം ..
    പ്രകൃതിയുടെ വന്യതയിലും വിജനതയിലും യജമാനരും അവരുടെ
    വിശ്വസ്തരും നടത്തുന്ന കാഴ്ച്ചയുടെ ഒരു അതുഗ്രൻ പൂരമായ ജൈത്രയാത്ര.. !

    ReplyDelete
    Replies
    1. ആ വണ്ടി വലിച്ച് ഓടുന്നത് കുഞ്ഞു ഹസ്ക്കികളാണ്. കാണുമ്പോ പാവം തോന്നും. ഇപ്പോഴും ഇവിടെ ചില സ്ഥലങ്ങളില്‍ ശൈത്യകാലത്ത് എത്തിപ്പെടാന്‍ ഇതു തന്നെയുള്ളൂ മാര്‍ഗ്ഗം... നന്ദി മുരളിയേട്ടാ :)

      Delete
  3. മുബിയും കൂട്ടുകാരും മഞ്ഞിലൂടെ ഓടി കളിക്കുന്നു. അടിപൊളി

    ReplyDelete
    Replies
    1. ഹഹഹ ശ്രീ... നിരപ്പായ സ്ഥലത്ത് ഓടാത്ത ഞാനാണ് മഞ്ഞിലൂടെ ഓടിയത്!

      Delete
  4. നല്ല വിവരണം മുബി, അടുത്തത് കാത്തിരിക്കുന്നു.
    ഞങ്ങള്‍ ജൂലൈ മാസത്തില്‍ കണ്ട ഫെയര്‍ബാങ്ക്സ് ഇതാണെന്നു തോന്നുന്നില്ല. വായിച്ചിട്ട് എനിക്കു തണുക്കുന്നു :)

    ReplyDelete
    Replies
    1. ഒരു വര്‍ഷം മുഴുവന്‍ നിന്ന് മാറി വരുന്ന ഋതുക്കളെങ്ങിനെയാവും അലാസ്കയുടെ പ്രതിച്ഛായ എന്നറിയാന്‍ മോഹമുണ്ട് ചേച്ചി..(അത്യാഗ്രഹമാണെങ്കിലും വെറുതെ മോഹിക്കാലോ)

      Delete
  5. മുബീ എന്ത് രസമാണിത് വായിക്കാൻ...യാത്രകൾ പോകാൻ കൊതിപ്പിക്കുന്നു ഇതെന്നെ

    ReplyDelete
    Replies
    1. നന്ദി ജീന... ഒരാളെയെങ്കിലും വെടക്കാക്കിയതില്‍ സന്തോഷമുണ്ട് :) :)

      Delete
  6. ഈ മൽസര വിവരണം സൂപ്പറായ്‌ ട്ടൊ മുബിയേ .. ഹസ്കിയേ ഒരെണ്ണം നമ്മുടെ ലാലേട്ടൻ കൊണ്ട്‌ വന്നതായ്‌ കണ്ടിരുന്നു ഇത്തിരി മുന്നേ . അവിടെ അവർ അത്രക്ക്‌ കാര്യക്ഷമമായ്‌ അത്‌ നടത്തുന്നതും പിന്നാലെ വരുന്ന പൊല്ലാപുകൾ ഓർത്തിട്ടും അതിനൂടുള്ള അത്മാർത്ഥമായ സ്നേഹം കൊണ്ടുമാകും .. ഇവിടെയൊക്കെ പീഡനമാണല്ലൊ മുഴച്ച്‌ നിൽക്കാ .. ഇടക്കുള്ള തിരിഞ്ഞ്‌ നോട്ടവും , ക്യാമറ പൊലും ഓർക്കാതെയുള്ള ഓട്ടവും മനസ്സിനേ അങ്ങൊട്ടെടുത്ത്‌ .. കാലിലേ ഷൂസിനടിയിലേ കൂർത്ത സാധനത്തിന്റെ ഒരു പേരു പറഞ്ഞല്ലൊ മറന്നു , കണ്ണിൽ മഞ്ഞ്‌ നിറച്ച്‌ ഫീലുണ്ട്‌ ആത്മാർത്ഥത നിറഞ്ഞ ഈ വരികൾക്ക്‌ വിവരണത്തിനു ... മുബീ സ്നേഹം ❤️

    ReplyDelete
    Replies
    1. നന്ദി റിനി... നീയൊക്കെ ബ്ലോഗിലേക്കുള്ള വരവ് തന്നെ നിര്‍ത്തിയതില്‍ സങ്കടമുണ്ട് ട്ടോ :(

      Delete
  7. ഇതൊക്കെ വായിച്ചു എനിക്കും പ്രായം കുറഞ്ഞതുപോലെ. മുബിയുടെ ഉല്‍സാഹം വായനക്കാരിലേക്ക് എത്തുന്നുണ്ട്

    ReplyDelete
    Replies
    1. വെട്ടത്താന്‍ ചേട്ടന് പ്രായായിന്ന് ആരാ പറഞ്ഞത്?

      Delete
  8. നമുക്ക് ഒട്ടും പരിചയമില്ലാത്ത ദേശത്തിന്റെ, സംസ്കാരത്തിന്റെ എഴുത്തുകൾ എപ്പോഴും ആഹ്ലാദകരം. നന്നായി വിവരിച്ചു...

    ReplyDelete
    Replies
    1. കണ്ടതും അറിഞ്ഞതും അതെ തീവ്രതയില്‍ പകര്‍ത്താനോയോന്നറിയില്ല... ശ്രമിച്ചിട്ടുണ്ട്. നന്ദി ലാസര്‍

      Delete