Monday, May 30, 2016

പൈതൃക ഗ്രാമങ്ങള്‍

വരൂ, നമുക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാം... ഈ ഉള്‍വിളി കേട്ടാണ് പുനര്‍നിര്‍മ്മിച്ചതും സംരക്ഷിക്കപ്പെടുന്നതുമായ രണ്ടു ചരിത്ര ഗ്രാമങ്ങൾ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. തെക്കേ ഒണ്ടാറിയോയിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഇറോഖ്വായിസ് ഗോത്ര സമൂഹത്തിന്‍റെ ഗ്രാമമാണ് മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷൻ ഏരിയയിലുള്ളത്. ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ അവിടെ കണ്ടത്തിയതിനാൽ പുരാവസ്തു ഗവേഷകരും യൂണിവേർസിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരു ഗോത്ര ഗ്രാമത്തെ പുനസ്ഥാപിക്കുകയായിരുന്നു. 1600 ലെ ഫ്രഞ്ച് മിഷിണറിമാരുടെ കത്തുകളും ഡയറി കുറിപ്പുകളുമാണ് ഇറോഖ്വായിന്‍ ജീവിത രീതികളെ പരിചയപ്പെടുത്താൻ സഹായിച്ചതെന്ന് റോയൽ ഒണ്ടാറിയോ മ്യുസിയം പുരാവസ്തു വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. കത്തെഴുത്തൊക്കെ പാടെ നിലച്ചതിനാല്‍ വരും കാലങ്ങളിൽ ഇന്നത്തെ ജീവിതം അടയാളപ്പെടുത്തുക സോഷ്യല്‍ മീഡിയാ രേഖകളായിരിക്കുമോ? ഭൂതം, ഭാവി വര്‍ത്തമാനം എല്ലാം ഓര്‍മ്മിപ്പിക്കുവനായി ചിലയിടങ്ങൾ..

Iroquoian Long House (Turtle Clan), Crawford Lake Conservation Area Milton
‘കുന്നുകളില്‍ താമസിക്കുന്നവർ’ എന്നാണ് ഇവരെ പൊതുവേ പറഞ്ഞിരുന്നത്. ഓരോ കുന്നും ഓരോ ഗ്രാമമായിരുന്നു. ചില ഗ്രാമങ്ങളില്‍ മുന്നൂറിലധികം ആളുകള്‍ വസിച്ചിരുന്നു. ബിര്‍ച്ച് മരത്തിന്‍റെ തൊലികൾ കൊണ്ട് ചുമരും മേല്‍ക്കൂരയും മേഞ്ഞ  നീണ്ട വീടുകളിൽ നൂറ് അംഗങ്ങളുള്ള കുടുംബങ്ങള്‍ പാര്‍ത്തു. ഇരുന്നൂറ് അടി നീളത്തിലും, ഇരുപത് അടി വീതിയിലും, ഇരുപത് അടി ഉയരത്തിലുമുള്ള പ്രത്യേക നിര്‍മിതിയിലുള്ള വീടുകൾ. വീതിയേക്കാള്‍ നീളമുള്ള ഒറ്റ മുറി വീടുനുള്ളിൽ തന്നെയാണ് വെപ്പും, തീനും കിടപ്പും. പല പേരുള്ള കുറെ മുറികളോ, ഫര്‍ണിച്ചറുകളുടെ തട്ടി തടച്ചിലുകളോ ഇല്ലാത്ത ഒറ്റ മുറി പെരകൾ! ബങ്ക് ബെഡ്ന്ന് നമ്മൾ വിളിക്കുന്ന രീതിയിൽ വീടുനുള്ളിൽ ചുവരിനോട് ചേര്‍ന്ന് മരത്തിന്‍റെ തട്ടുകളുണ്ട്. തട്ടുകളുടെ ഇടയിൽ മൃഗങ്ങളുടെ തോലുകളും, പായകളും കൊണ്ടുള്ള ചെറിയ മറവുകൾ. ഒരു കുടുംബത്തിലെ പല അംഗങ്ങളുടെ കിടപ്പ് മുറികള്‍ വേര്‍ത്തിരിച്ചത് ഇങ്ങിനെയാവാം. ഉയരമുള്ള മേല്‍ക്കൂരയിൽ ചോള കതിരുകൾ തൂക്കിയിട്ട് ഉണക്കുന്ന പതിവുണ്ടായിരിക്കണം. വീടിന് നടുവിലായി തീ കായാനുള്ള രണ്ട് കുഴികളും അതിനു ചുറ്റും ഇരിക്കാനുള്ള നീണ്ട പലകകളുമുണ്ട്. പുക വീടിനു പുറത്തേക്ക് പോകാനായി മേല്‍ക്കൂരയിലെ രണ്ടു പാളികളാണ് ഇരുട്ട് കുത്തിയ അകത്തേക്ക് വെളിച്ചം കടക്കാനുള്ള വഴി. അതല്ലാതെ വേറെ ജനലുകളൊന്നുമില്ല. രണ്ടറ്റത്തും രണ്ടു വാതിലുകളുണ്ട്. വലിയ വള്ളി കുട്ടകളിൽ ചോളവും, സൂര്യകാന്തി വിത്തുകളും, മത്തനും, ബീന്‍സും, സ്ട്രോബെറിയും കൊയ്ത്തു കാലങ്ങളില്‍ നിറഞ്ഞിരിക്കുന്നത് നമുക്ക് സങ്കല്‍പ്പിക്കാം.


മാനിന്‍റെ തോലുണക്കി ഉണ്ടാക്കുന്ന മൃദുവായ ബാഗുപോലെയുള്ളതിലാണ് ചെറിയ കുട്ടികളെ കിടത്തിയിരുന്നത്. വേട്ടയാടിപിടിച്ച മൃഗങ്ങളുടെ തോലുകൾ ഉരിഞ്ഞ് കമ്പി വളയങ്ങളിൽ നിവര്‍ത്തി വെച്ചാണ് ഉണക്കിയെടുക്കുന്നത്. ശരിയായ രീതിയില്‍ ഉണക്കിയെടുത്താൽ തോലുകള്‍ മൃദുലമാകും. ഇത് കൊണ്ടാണ് അവര്‍ തോലുറകളും കുപ്പായങ്ങളും ഉണ്ടാക്കിയിരുന്നത്. അന്ന് ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങൾ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുഴക്കരികിലുള്ള കുന്നുകളിലാണ് മിക്കവാറും ഗ്രാമങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. വേനല്‍ കാലങ്ങളിൽ ഗ്രാമത്തിലെ ആണുങ്ങള്‍ വേട്ടക്കായി കാടുകളിലേക്ക് പോയാൽ സ്ത്രീകളും കുട്ടികളും വിളകളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളിൽ കൂടാരം കെട്ടി താമസമാരംഭിക്കും. മൂന്ന് സഹോദരിമാരെന്ന് വിളിക്കുന്ന കൂട്ട് കൃഷിയാണ് പ്രധാനം. ചോളവും, ചിരങ്ങയും, ബീന്‍സുമാണ് കൃഷിയിലെ സഹോദരികള്‍. ബീന്‍സിനും, ചിരങ്ങയുടെ വള്ളിയും പടര്‍ന്നു കയറിയിരുന്നത് ചോള ചെടികളിലായതിനാലാവാം ഇങ്ങിനെയൊരു ബന്ധം.


ട്രെയിനിന്‍റെ ബോഗി പോലെയുള്ള ഈ വീടുകള്‍ക്ക് മുന്നിൽ അവരുടെ കുലത്തിന്‍റെ അടയാളമായി എന്തെങ്കിലും ചിഹ്നങ്ങളോ മറ്റോ വെക്കുന്ന പതിവുണ്ടത്രേ. ഇറോഖ്വായിന്‍ സമൂഹത്തിൽ മൃഗങ്ങളുടെ പേരിലായിരുന്നു ഓരോ കുലവും അറിയപ്പെട്ടിരുന്നത്. ആമ, ഈല്‍, ബീവര്‍, ചെന്നായ, മാന്‍, കരടി, ഹേറോണ്‍, പരുന്ത്, കുരുവി എന്നിവയാണ് പ്രധാന ഇറോഖ്വായിന്‍ കുലങ്ങള്‍. പേരുകൊടുത്ത മൃഗങ്ങളുടെ പ്രത്യേകതകളോട് സാമ്യമുണ്ടാവുമോ ഓരോ കുലത്തിലേയും ആളുകള്‍ക്ക്? ഉണ്ടാവുമായിരിക്കും. അത് നിര്‍ണ്ണയിക്കാൻ മത്സരങ്ങളും നടന്നിട്ടുണ്ടാകും.  അത് പോലെ പാലായനങ്ങളും ഇവര്‍ക്കിടയിൽ സാധാരണമായിരുന്നു. മണ്ണിന്‍റെ ഫലസമൃദ്ധി കുറഞ്ഞാലോ വിറകിനുള്ള മരങ്ങളുടെ കുറവോ അതുവരെ ജീവിച്ച ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോകാൻ അവരെ നിര്‍ബന്ധിതരാക്കുന്നു. ഒഴിഞ്ഞ് പോക്ക് പല ഘട്ടങ്ങളായാണ്. ഒടുവില്‍ ഒരു ഗ്രാമം തന്നെ ഉപേക്ഷിക്കപ്പെടുന്നു. അങ്ങിനെയൊന്നാണ് ക്രോഫോര്‍ഡ് ലെയിക്കിനടുത്ത് കണ്ടെത്തിയത്. അവിടെയുള്ളവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും? ഇതിനിടയില്‍ പറയാൻ വിട്ടു പോയത് വേലികളെ കുറിച്ചാണ്. ഇറോഖ്വായിന്‍ ഗ്രാമങ്ങളെ വേര്‍ത്തിരിക്കുന്ന വേലികള്‍ക്കുമുണ്ട് പ്രത്യേകത. മുളംതണ്ട് പോലെ നീളമുള്ള മരത്തടികൾ അടുപ്പിച്ചു നിര്‍ത്തിയുള്ള വേലികളാണ്. തടികള്‍ക്കിടയിൽ തീരെ വിടവുണ്ടാവുകയില്ല. വന്യ മൃഗങ്ങൾ മാത്രമല്ല മറ്റു ശത്രു ഗോത്രങ്ങളെയും പ്രതിരോധിക്കാനാണിത്. ചിലര്‍ വേലിക്ക് ചുറ്റും ഉരുളൻ കല്ലുകൾ വെച്ചും കിടങ്ങുകൾ നിര്‍മ്മിച്ചും സുരക്ഷ ഒന്നും കൂടി ശക്തിപ്പെടുത്തും.

Inside a longhouse in Iroquoian Village
ഗോത്രങ്ങൾ തമ്മിലുള്ള കായിക മത്സരങ്ങൾ മാസങ്ങളോളം നീണ്ടു നില്‍ക്കുമെത്രേ. ഇറോഖ്വായിൻ ഗോത്രങ്ങളിലെ മതാചാരങ്ങളെ കുറിച്ച് വ്യക്തമായില്ലെങ്കിലും മന്ത്രവാദത്തിന്‍റെ സ്വാധീനം ഇവരുടെ ഇടയിൽ ഉണ്ടായിരുന്നതായി കത്തുകളും ഡയറി കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളും, അസുഖവും, മരണവുമെല്ലാം മന്ത്രവാദവുമായി ബന്ധപ്പെടുത്തിയിട്ടായിരുന്നു. ഇവരുടെ സംസാരഭാഷ ഇന്നും പ്രയോഗത്തിലുണ്ടെത്രേ. എവിടെയൊക്കെയോ അവരുണ്ടെന്ന ആശ്വാസം.  ഭാഷകൾ നഷ്ടപ്പെടുമ്പോൾ ഇല്ലതെയാകുന്നതൊരു സമൂഹമാണ്.  ഗ്രാമത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കടന്നാൽ കാണുന്നത് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികൾ അവരുടെ പ്രൊജെക്റ്റിന്‍റെ ഭാഗമായി പണിത ഇറോഖ്വായിന്‍ വാസ്തുവിദ്യയുടെ മാതൃകയാണ്. നീളമുള്ള മരത്തടികള്‍ കൊണ്ട് ഒരു മീനിന്‍റെ രൂപം പോലെയാണ് എനിക്ക് തോന്നിയത്. അവരെന്താണാവോ ഉദേശിച്ചത്‌...


Life in Black Creek Pioneer Village, Toronto
ഇറോഖ്വായിന്‍ ഗ്രാമത്തിൽ നിന്ന് ബ്ലാക്ക്‌ ക്രീക്ക് പയണിയർ ഗ്രാമത്തിലെത്തുമ്പോഴേക്കും കാലമേറെ കടന്നു പോയിട്ടുണ്ട്. ബ്ലാക്ക്‌ ക്രീക്ക് ഗ്രാമത്തില്‍ ചരിത്രം ജീവിക്കുകയാണ്. 1816-32 കാലയളവില്‍ പണിത കെട്ടിടങ്ങളാണ് ഈ പൈതൃക ഗ്രാമത്തിലുള്ളത്. തിരക്കേറിയ ടോറോന്റോ നഗരം ഈ നൂറെക്കറിന് തൊട്ടപ്പുറത്താണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. യൂറോപ്പുക്കാരായ ഡാനിയേൽ സ്റ്റോങ്ങും എലിസബത്തും 1816 ല്‍ അവരുടെ വിവാഹശേഷം താമസത്തിനായി തിരഞ്ഞെടുത്തത് കുടുംബസ്വത്തായി കിട്ടിയ ബ്ലാക്ക്‌ ക്രീക്കിലായിരുന്നു. പൈനും, ഓക്കും, മേപ്പിള്‍ വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ ഈ കാടിനുള്ളില്‍ അവർ ജീവിതമാരംഭിച്ചു. ആദ്യം തടി കൊണ്ടുള്ള ചെറിയ വീടുണ്ടാക്കി, പിന്നെ തൊഴുത്തും, ധാന്യ പുരയും, സ്മോക്ക്‌ ഹൗസും  അങ്ങിനെയെല്ലാം അവരുടെ അദ്ധ്വാനം കൊണ്ട് പണിതുയര്‍ത്തി. ഇവരോടൊപ്പം ടോറോന്റോ നഗരവും വളരുകയായിരുന്നു. 

One among many restored buildings
പുഴകള്‍ക്കരികിൽ ഭൂമി നികത്തി കെട്ടിടങ്ങൾ ഉയര്‍ന്നു. ഈ പോക്ക് പോയാല്‍ ശരിയാവില്ലാന്ന് പ്രകൃതിക്ക് തന്നെ തോന്നിയിട്ടുണ്ടാകണം. 1954 ഒക്ടോബര്‍ പതിനഞ്ചാം തിയതി 81 പേരുടെ ജീവെനെടുത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റിലൂടെ പ്രകൃതി പ്രതിഷേധമറിയിച്ചു. അതിനുശേഷം അധികൃതര്‍ ജലസ്ത്രോതസ്സുകള്‍ക്കരികിലുള്ള നിര്‍മ്മാണ പദ്ധതികളിൽ നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പല സ്ഥലങ്ങളും കണ്‍സര്‍വേഷൻ ഏരിയകളായി പ്രഖ്യാപിക്കുകയും ചെയ്തു. 1960 നോട് അടുത്ത് സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങൾ ബ്ലാക്ക്‌ ക്രീക്ക് വിട്ടു പോയപ്പോൾ ഈ സ്ഥലവും സര്‍ക്കാർ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുകയായിരുന്നു. ടോറോന്റോയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും കാലത്തിന്‍റെ കുത്തൊഴുക്കിൽപ്പെട്ട് നശിച്ചുപോകുമായിരുന്ന പല കെട്ടിടങ്ങളേയും പയണീയര്‍ ഗ്രാമത്തിൽ എത്തിച്ച് സംരക്ഷിച്ചു പോരുന്നു. സ്റ്റോങ്ങ് കുടുംബ വീടും അവരുടെ വസ്തു വകകള്‍ക്കൊപ്പം മറ്റു നാല്‍പ്പത് കെട്ടിട്ടടങ്ങളെയും ചേര്‍ത്ത്  സര്‍ക്കാർ ഇതൊരു ചരിത്ര ഗ്രാമമായി നിലനിര്‍ത്തുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് സന്ദര്‍ശകര്‍കരെ സ്വീകരിക്കുന്ന പാര്‍ക്കിലെ സ്റ്റാഫുകള്‍ നമ്മെ കാലത്തിന് പിറകിലേക്ക് നയിക്കും. ഗോ ബസ്സും, ട്രെയിനും, ട്രാമും, കാറുകളും കൊണ്ട് തിരക്കേറിയ ടോറോന്റോ നഗരം തൊട്ടടുത്താണെന്ന കാര്യം മറന്ന് നമ്മൾ ദൂരെയേതോ തിരക്കേതുമില്ലാത്ത മറ്റൊരു ലോകത്തിലെത്തിയത് പോലെ.

Post Office, Press, Weavers Shop, Library (1830-50)
തകരപ്പണിക്കാരന്‍റെയും കൊല്ലന്‍റെയും ആലകള്‍, കുതിരാലയം, നെയ്ത്ത് ശാല, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല്, മദ്യശാല, പ്രിന്റിംഗ് പ്രസ്‌, ഫാം, ഡോക്ടറുടെ വീടും, ഓഫീസും, സ്കൂള്‍, വായനശാല, ഫയര്‍ ഹൗസ്, എംബോറിയം, തുകല്‍ശാല അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ തെരുവുകളില്‍ സജീവമായിരുന്നതെല്ലാം ഇവിടെയുണ്ട്. ഓരോന്നിലും പാര്‍ക്കിലെ ജീവനക്കാർ പരമ്പരാഗത വേഷങ്ങൾ ധരിച്ച് നമ്മളെ സ്വീകരിച്ചും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും പോയ്‌ പോയ കാലം ജീവസ്സുറ്റതാക്കുന്നു. അതാവും കുതിരാലയത്തിൽ വെച്ചു കണ്ടയാൾ ‘ചരിത്രം ജീവിക്കുന്നിട’മെന്ന് പറഞ്ഞത്. വൈദ്യുതി ഇല്ലാതിരുന്ന ആ കാലത്തും ആവി കൊണ്ടും, വെള്ളത്തിന്‍റെ ശക്തി കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ ആളുകള്‍ ഉപയോഗിച്ചിരുന്നു.  ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രങ്ങള്‍ വെള്ളത്തിന്‍റെ ശക്തി കൊണ്ടാണ് തിരിഞ്ഞിരുന്നത്. എണ്ണവിളക്കിലെ പ്രകാശം മുറിയില്‍ മുഴുവന്‍ വ്യാപിക്കുന്നതിനായി വിളക്കിന് പിന്നില്‍ കണ്ണാടി പിടിപ്പിച്ചിരിക്കുന്നു. എന്തെല്ലാം വിക്രസ്സുകളാണ്... ഇത് കൊണ്ടാവും ഭൗമ ദിനത്തിന്‍റെ അന്നൊരു ദിവസത്തേക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും എല്ലാ ദിവസവും ബ്ലാക്ക്‌ ക്രീക്കില്‍ ഭൗമ ദിനങ്ങളാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്. 

വായനശാലയിലെ ബെഞ്ചില്‍ അവിടെ കാണാന്‍ വന്ന കുട്ടികള്‍ക്കൊപ്പം ഞാനും ഇരുന്നു. പുസ്തകങ്ങളുടെയും മരബെഞ്ചിന്‍റെയും പഴകിയ ഗന്ധം ശ്വസിച്ച് ഇരിക്കുമ്പോഴാണ് സിന്‍ട്രെല്ലയുടെ കഥ പറഞ്ഞു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ എത്തിയത്. കഥ പറച്ചിലാണോ... എന്നാ പിന്നെ ഞാന്‍ ഇരുന്നിടത്തുനിന്നും അനങ്ങിയില്ല. കുട്ടികളെ പോലെ ഞാനും കണ്ണും കാതും കൂര്‍പ്പിച്ചു. എന്ത് രസായിട്ടാണ് അവർ കഥ അവതരിപ്പിച്ചത്. അവരിട്ടിരുന്ന വേഷം പോലെ തന്നെ ആകര്‍ഷകമായിരുന്നു കഥ പറയുന്ന രീതിയും. കുട്ടികള്‍ക്കൊപ്പം വലിയവരും കഥയിൽ മുഴുകി പോയിരുന്നു. സിന്‍ട്രെല്ലയെ രാജകുമാരൻ കല്യാണം കഴിച്ചതും, കഥ തീര്‍ന്നതും കുറച്ച് നേരത്തേക്കാരും അറിഞ്ഞില്ല. നന്ദി പറഞ്ഞ് കൊണ്ട് അവര്‍ തല കുമ്പിട്ടപ്പോഴാണ് ആളുകൾ കൈയ്യടിച്ചത്. വീണ്ടും കഥ കേള്‍ക്കാനായി ഇരിക്കുന്നവരോട് ‘മറ്റൊരു ദിവസം വരൂ, വേറെ കഥ പറഞ്ഞു തരാ’മെന്ന് പറഞ്ഞാണ് അവർ യാത്രയാക്കുന്നത്‌. ഇതു പോലെയൊക്കെ കഥ പറഞ്ഞാല്‍ ആരെങ്കിലും അവിടെന്ന് എണീറ്റ്‌ പോരുമോ?

Rose Blacksmith Shop (1855) - Black Creek Pioneer Village 
ജീവിതം പോലെ പ്രധാനമാണ് മരണവും. ബ്ലാക്ക്‌ ക്രീക്ക് ഗ്രാമത്തിലെ സെമിത്തേരിയും അതോര്‍മ്മിപ്പിക്കുന്നു. സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങളെ അടക്കിയിരിക്കുന്നത് ഇവിടെയാണ്‌. 1927 ലാണ് അവസാനമായി മരണാനന്തര ചടങ്ങുകള്‍ നടന്നത്. വല്ല പ്രേതങ്ങളും വഴിയറിയാതെ നടക്കുന്നുണ്ടോന്നറിയാന്‍ കുറച്ചു പേരൊക്കെ പണ്ട് രാത്രിയിൽ ഇവിടെ വന്നു നോക്കിയിരുന്നത്രേ. മനുഷ്യരെ പേടിച്ച് പ്രേതങ്ങളും പുറത്തിറങ്ങിയിട്ടുണ്ടാകില്ല. 1855ല്‍ നോബിള്‍ട്ടണിൽ പണിത കൊല്ലന്‍റെ ആലയാണ് മറ്റ് കെട്ടിടങ്ങളെക്കാൾ ആളുകളെ ആകര്‍ഷിക്കുന്നത്. ഇപ്പോഴും തകൃതിയായി പണി നടക്കുന്നത് പോലെ തോന്നും അവിടെ കയറിയാൽ. നോബിള്‍ട്ടണിൽനിന്ന് 1958 ലാണ് ഇതിനെ ബ്ലാക്ക്‌ ക്രീക്ക് ഗ്രാമത്തിലേക്ക് മാറ്റുന്നത്. അങ്ങിനെ പല സ്ഥലങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളാണ് ഇപ്പോഴും കേടു കൂടാതെ ഇവിടെ സംരക്ഷിക്കുന്നത്. മേജര്‍ മെക്കന്‍സീയുടെ കുടുംബവീടും, ചൂല് നിര്‍മ്മാണ ശാലയും, കോഴി കൂടും, ഇരുമ്പ് പാത്രങ്ങളും, കൈ കൊണ്ട് തിരിച്ചു പ്രവര്‍ത്തിപ്പിക്കുന്ന അലക്ക് യന്ത്രവും, വലിയ ഇരുമ്പ് താക്കോല്‍ക്കൂട്ടങ്ങളും, കുട്ടയും വട്ടിയും അങ്ങിനെ പണ്ട് കണ്ടു മറന്ന ചിലതെല്ലാം ഇവിടെയുണ്ട്. കാലങ്ങളെ വേര്‍ത്തിരിക്കുന്നൊരു മരപാലം കടന്നെത്തുമ്പോൾ ചെന്നെത്തുന്നത്  കേട്ട് പരിചയിച്ച, എപ്പോഴോ എവിടെയോ കണ്ട് മറന്ന ഇടങ്ങളിലേക്കാണ്. ഒരിക്കലും തിരിച്ചു പിടിക്കാനാവാതെ വഴുതിയകന്ന കാലത്തിലേക്കാണ്... ഇടയ്ക്കൊന്നു ഓടിയെത്തി പഴമയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ്. അത്രെയെങ്കിലും നമുക്ക് നല്‍കുന്നതിന്, നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വെക്കുന്നതിന് നന്ദി... നന്ദി! 




35 comments:

  1. പഴയതിനെ കണ്ടെത്താനും സംരക്ഷിക്കാനും ഒരു അവബോധം ഇന്ന് ലോകം മുഴുവനുമുണ്ട്. കൊടുങ്ങല്ലൂര്‍ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെയും നടക്കുന്നു. നല്ല രീതിയില്‍ അവതരിപ്പിച്ചു

    ReplyDelete
    Replies
    1. ആദ്യ വായനക്കും കമന്റിനും നന്ദി വെട്ടത്താന്‍ ചേട്ടാ.. പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ, വേണ്ടത് തന്നെ എവിടെയായാലും.

      Delete
  2. ആ ഒന്നാമത്തെ ചിത്രം നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായ “ടാക്കീസ്”എന്ന സിനിമാകൊട്ടകകളെ പോലുണ്ട്.നല്ല വിവരണം.ഇതുവരെ കിട്ടാത്ത അറിവുകള്‍.

    ReplyDelete
    Replies
    1. കറക്റ്റ്.. കണ്ടപ്പോള്‍ തന്നെ ഹുസൈനും ഇത് തന്നെ പറഞ്ഞു. നന്ദി മാഷേ..

      Delete
  3. രണ്ട്‌ നൂറ്റാണ്ട്‌ മുൻപത്തേയ്ക്ക്‌ കൂട്ടിയ്ക്കോണ്ട്‌ പോയത്‌ പോലെ.ച്ചേച്ചി ഇതിന്റെ വീഡിയോ എടുത്തിട്ടുണ്ടാകുമല്ലോ.പോസ്റ്റ്‌ ചെയ്യുകയോ അയച്ചു തരികയോ ചെയ്യുമല്ലോ!!!

    ReplyDelete
    Replies
    1. വീഡിയോ എടുത്തില്ല സുധി.. സോറി. മറന്നുപോയി :( അടുത്ത തവണ ഓര്‍ത്തു വെക്കാട്ടോ.

      Delete
  4. Replies
    1. പോസ്റ്റുകള്‍ വായിക്കുന്നതില്‍ വളരെ സന്തോഷമുണ്ടുട്ടോ എന്‍.പി :)

      Delete
  5. പൊതുവെ പല പൈതൃക സ്മാരകങ്ങളടക്കം ,
    ഇത്തരത്തിലുള്ള പഴമയെ കണ്ടെടുത്ത് ആയവയൊക്കെ
    നിലനിറുത്തി സൂക്ഷിച്ച് വെക്കാനുള്ള ഒരു ത്വര പാശ്ചാത്യർക്ക്
    എന്നുമുണ്ടായിരുന്നു ...!
    നാമൊക്കെ പിന്നിട്ട വഴികൾ തിരിച്ചറിയുക എന്നുള്ളത് ഒരു വല്ലാത്ത
    തിരിച്ചറിവ് തന്നെയാണല്ലോ..അല്ലേ
    നന്നായി അവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ മുബി

    ReplyDelete
    Replies
    1. ഇന്റര്‍നെറ്റില്‍ വിന്‍റെജ് ഡ്രസ്സുകള്‍ തിരഞ്ഞുപിടിച്ച് നോക്കിയിരിക്കുന്ന ഒരു സഹപ്രവര്‍ത്തകയുണ്ട്. അത് പോലെയുള്ള ഉടുപ്പുകള്‍ തുന്നിയിടണം എന്നാണു അവരു പറയുന്നത്. ചട്ടയും മുണ്ടും, കാച്ചി തുണിയൊക്കെ ഉടുക്കണമെന്ന് നമ്മളാരെങ്കിലും പറയ്യോ? വല്ല ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിനും കുട്ടികളെ ഉടുപ്പിക്ക്യാന്നല്ലാണ്ടേ...

      Delete
  6. നല്ല വിവരണം മുബീ. അറിയാത്ത കുറെ കാര്യങ്ങൾ ഇതിലൂടെ വായിച്ചറിഞ്ഞതിൽ സന്തോഷം. ആശംസകൾ.

    ReplyDelete
  7. ഭൂതം, ഭാവി വര്‍ത്തമാനം എല്ലാം ഓര്‍മ്മിപ്പിക്കുവനായി ചിലയിടങ്ങൾ..
    അറിവുപകരുന്ന നല്ല വിവരണം.മനോഹരമായ ചിത്രങ്ങള്‍.
    തീര്‍ച്ചയായും പിന്‍തലമുറയ്ക്ക് മുന്‍കാലങ്ങളിലെകാര്യങ്ങള്‍ഗ്രഹിക്കുവാന്‍ ചരിത്രഗ്രന്ഥങ്ങളും,രേഖകളും,സ്മാരകങ്ങളും അമൂല്യനിധികളായി മാറുന്നതാണ്.....
    ആശംസകള്‍

    ReplyDelete
    Replies
    1. ലോകത്തിന്‍റെ പല ഭാഗത്തും സംരക്ഷിക്കപ്പെടേണ്ട പലതും എന്തിന്‍റെയോക്കെയോ പേരില്‍ മനുഷ്യന്‍ നശിപ്പിച്ച് കളഞ്ഞു... ഇനിയുള്ളതെങ്കിലും നിലനിന്നാല്‍ മതിയായിരുന്നു. സ്നേഹം തങ്കപ്പന്‍ ചേട്ടാ :)

      Delete
  8. രസകരം..കൌതുകകരം..ഹൃദ്യമായ അവതരണം

    ReplyDelete
  9. അത്ഭുതവും ആശ്ചര്യവും അതിലേറെ കൗതുകവും ഉണര്‍ത്തുന്ന ശ്രമകര വിവരണം അനായാസം കൈകാര്യം ചെയ്ത പ്രിയ മുബീ നീയെത്ര സുഭഗ ...!!വേറിട്ട ജനതയെക്കുറിച്ചുള്ള പഠനം പങ്കു വെക്കപ്പെടുന്ന പുണ്യങ്ങളായി എനിക്കു തോന്നുന്നു.....
    ദേശാന്തരങ്ങളുടെ ചരിത്രം ഒരു സാമൂഹ്യ ശാസ്ത്രം കൂടിയാണ്....എനിക്ക് ഇതിനെപ്പറ്റി ഒരുപാടൊരുപാട് കുറിക്കാന്‍ തോന്നുന്നുണ്ട് ....കൂടെ ഒരു പരിഭവവും -പട്ടാമ്പി വിടുമ്പോള്‍ എന്നെ അറിയിക്കാമെന്ന് പറഞ്ഞിരുന്നു .....സാരമില്ല ട്ടോ ...ഭര്‍ത്താവിനോടും കുടുംബത്തോടും എന്റെ അന്വേഷണങ്ങള്‍ !തുടരുക ദേശ സഞ്ചാരങ്ങളും അതിന്റെ ലിഖിത വിവരണങ്ങളും ..സന്തോഷം ....അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. പോരുന്നതിനോടടുപ്പിച്ച് ആകെ തിരക്കായി... എത്രയൊക്കെ പ്ലാന്‍ ചെയ്താലും ഇത് തന്നെയാണ്. അതു കൊണ്ടാണ്... സോറി മാഷേ. പുതിയ ബ്ലോഗിലേക്ക് വരാം...

      Delete
  10. എന്റെ 'ഒരിറ്റ്' മാറ്റി www.neendrathodiyil.com എന്നാക്കിയിരിക്കുന്നു.വരൂ വായിക്കൂ വിലയിരുത്തൂ ട്ടോ ....http://www.neendrathodiyil.com/2016/06/blog-post.html

    ReplyDelete
    Replies
    1. ഞാന്‍ ബ്ലോഗില്‍ പോയിരുന്നു. എനിക്കെന്താവോ നോട്ടിഫിക്കേഷന്‍ കിട്ടാത്തത്? വീണ്ടും ഫോളോ ചെയ്യണോ?

      Delete
    2. കിട്ടിയല്ലോ ....വളരെ സന്തോഷം !വീണ്ടും വരാം .....അഭിപ്രായങ്ങള്‍ക്ക് നന്ദി ട്ടോ .....

      Delete
  11. കാണാത്തതും അറിയാത്തതുമായ കാഴ്ചകൾ പരിചയപ്പെടുത്തിയതിനു നന്ദി. വിവരണങ്ങളും ചിത്രങ്ങളും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. ഇന്ന് നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് തിരിച്ചറിയാൻ, മനുഷ്യർ നടന്നു തീർത്ത ചരിത്രത്തിന്റെ ഇടനാഴികളിലേക്ക് ഇതു പോലെയുള്ള എത്തി നോട്ടങ്ങൾ ആവശ്യമാണ്‌.

    ReplyDelete
    Replies
    1. കൊച്ചു ഗോവിന്ദന്‍റെ വായനയില്‍ സന്തോഷം... നന്ദി :)

      Delete
  12. ഞാൻ മുമ്പ് പറയാറുള്ളത് പോലെ തന്നെ... ഓരോ ലക്കവും പുതിയ പുതിയ അറിവുകൾ പകരുന്നു...

    ReplyDelete
    Replies
    1. വിനുവേട്ടാ, ഞാനും ഓരോരുത്തരെ അന്വേഷിച്ചിറങ്ങിയതാ...നോവലില്‍ നമ്മടെ സഹായം ആര്‍ക്കെങ്കിലും ആവശ്യം വന്നാലോ :)

      Delete
  13. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന് ഗാന്ധിജി പറഞ്ഞു. നമ്മൾ ഗ്രാമങ്ങൾ നഗരങ്ങളാക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനിയും നശിക്കാത്ത ഗ്രാമങ്ങൾ നമുക്കുണ്ട്. അതെങ്കിലും അതിന്റെ നന്മയോടും വിശുധിയോടും നില നിർത്തിയാൽ നന്ന്.

    സംരക്ഷിക്കുന്ന ഒരു ഗ്രാമം നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. അതും ഭംഗിയായി വിശദമായി. ചിത്രങ്ങളും നന്നായി. മുബിയുടെ മനസ്സും കാണാനായി.

    ReplyDelete
    Replies
    1. ഗാന്ധിജി പറഞ്ഞതൊക്കെ നമ്മള്‍ മറന്നു മറ്റുള്ളവര്‍ ഉള്‍ക്കൊണ്ടു. അതാണ്ടായത് ബിപിന്‍...

      Delete
  14. ഞാനിത് കാണാൻ ന്തേ വൈകി മുബി...?
    പതിവു പോലെ മുബിയുടെ രസകരമായ വിവരണവും ചിത്രങ്ങളും മനസ്സിൽ എന്നും നിറഞ്ഞു നില്ക്കും.

    നമ്മുടെ നാട്ടിൽ എന്നാണാവോ ഇങ്ങിനെ ഭൂതകാലത്തെ സംരക്ഷിച്ച് ഭവിക്കു നല്കുക...?

    ReplyDelete
    Replies
    1. വൈകീട്ടൊന്നുല്യ ചേച്ചി... ഭാവിക്ക് കൊടുക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടായാല്‍ നന്ന്.

      Delete
  15. Replies
    1. സന്തോഷം ഡോക്ടര്‍ :)

      Delete
  16. വിവരണം അസ്സലായിരിക്കുന്നു പാത്ത്വോ

    ReplyDelete
    Replies
    1. അമ്മിണിക്കുട്ടി ഈ വഴി വന്നല്ലോ സന്തോഷായി പാത്തൂന് :)

      Delete
  17. അടിപൊളി ബ്ലോഗ് ആണ് കേട്ടോ :)

    ReplyDelete
    Replies
    1. നന്ദി... സന്തോഷം വന്നതില്‍ :)

      Delete